മഴവില്ലഴകുള്ള വെള്ളാരങ്കല്ലുകൾ

ആയിഷയുടെയും അജുക്കയുടെയും നഷ്ടപ്രണയത്തിന്റെയും, ഒടുവിൽ വിജയിച്ച മാതൃത്വത്തിന്റെയും ഹൃദയസ്പർശിയായ കഥ.

കവർ ചിത്രം

മഴവില്ലഴകുള്ള വെള്ളാരങ്കല്ലുകൾ

ഓഹ്, എന്തൊരു തിരക്കും ബഹളങ്ങളുമായിരുന്നു. തിരക്കുകൾ അല്പം ഒതുങ്ങിയത് ഇപ്പോഴാണ്. സമയം നോക്കി രാത്രി രണ്ടര മണി. കല്യാണപ്പന്തലിൽ ലൈറ്റുകൾ പകൽപോലെ തിളങ്ങി നിൽക്കുന്നുണ്ട്. ഒരുമാസമായി തിരക്കുകളുടെ പിന്നാലെയാണ്. മിസ്സിയുടെ കല്യാണമാണ്. സ്വന്തം ഉമ്മയില്ല എന്നുള്ള ഒരു കുറവും ഉണ്ടാക്കാൻ പാടില്ല. എന്തെങ്കിലും കുറവുകൾ കണ്ടുപിടിച്ചു ഊതിപ്പെരുപ്പിക്കാൻ ആൾക്കാർ ഉണ്ടാവും അതുകൊണ്ടുതന്നെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ശ്രദ്ധയോടെ തന്നെ വാങ്ങി.

ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും ഭക്ഷണ കാര്യങ്ങളൊക്കെ ഇവന്റുകാരെ ഏൽപ്പിച്ചു. സഹായത്തിന് പുറം പണിക്കും അകപ്പണിക്കുമായി ആൾക്കാരെയും നിർത്തിയിട്ടുണ്ട്. പരിപാടികളൊക്കെ ഓഡിറ്റോറിയത്തിൽ ആണെങ്കിലും ബന്ധുക്കളും കുടുംബക്കാരുമൊക്കെ ഒത്തുകൂടുന്നതുകൊണ്ട് വിശാലമായി തന്നെ പന്തലൊരുക്കി അലങ്കരിച്ചു. രാവിലെയുള്ള ഭക്ഷണത്തിന്റെ കാര്യങ്ങളൊക്കെ മേൽനോട്ടം നടത്തി അജുക്ക ഓഡിറ്റോറിയത്തിൽ തന്നെയുണ്ട്. മിസ്സി മോളെ 11:30 ആയപ്പോഴേക്കും ഭക്ഷണം കഴിച്ചു ഉറങ്ങാൻ അയച്ചു. കൂട്ടുകാരികളെല്ലാം അവിടെയുണ്ട്. ഉറങ്ങിക്കാണില്ല.

ഇനിയൊന്നു നടു നിവർത്തണം. ഇന്നും ഇന്നലെയുമായി തീരെ ഒന്നിരിക്കാൻ പോലും നേരം കിട്ടിയിട്ടില്ല. ഇനി നാളെ വിവാഹം കൂടെ കഴിഞ്ഞു കിട്ടണം. ഒരു കുറ്റവും കുറവുകളും സംഭവിക്കാതെ വിവാഹം മംഗളമായി നടക്കണമേ എന്നാണ് ദുആ മുഴുവനും. റൂമിൽ കയറി മേല് കഴുകി വസ്ത്രം മാറി നിസ്കരിച്ചു. തന്റെ യോഗം പോലെയായിരിക്കരുത്. മിസ്സിമോൾ നല്ല കുട്ടിയാണ്.

റബ്ബേ അവളുടെ ഭാവിജീവിതം നന്നാക്കി കൊടുക്കണേ... ഇരുകവിളുകളിൽ കൂടെയും അറിയാതെ കണ്ണുനീര് ഒഴുകാൻ തുടങ്ങി.

അന്നു തന്റെ കല്യാണം... കുടുംബം തന്നെയായ അജ് വദ് (അജുക്ക)യും ഉമ്മയും കൂടെ ഉമ്മ എന്നെ പ്രസവിച്ചപ്പോ കുട്ടിയെ കാണാൻ വന്നതാത്രേ. അഞ്ചു വയസ്സുള്ള അജുക്കയുടെ മടിയിലേക്ക് ഓന്റെ ഉമ്മ കുഞ്ഞിനെ കിടത്തിക്കൊണ്ട് പറഞ്ഞിരുന്നത്രേ ആയിഷ, അജൂന് ഉള്ളതാണെന്ന്... ഓർമ്മവച്ച കാലം മുതൽ ഞാൻ ഇത് കേൾക്കുന്നതാണ്. ഞങ്ങളെ കാണുമ്പോൾ എല്ലാവരും കളിയാക്കും. അജുകാക്കയും നാണിച്ചു ഓടി പോകും.

വലുതായിട്ടും അജുകാക്ക ദൂരെ നിന്ന് ആരും കാണാതെ ഒളിഞ്ഞു നോക്കും. നേരെ കണ്ടാൽ നോക്കൂല്ല. ഞാനും നോക്കാൻ പോവൂല്ല. എല്ലാവരും ഞങ്ങളുടെ കളിയാക്കാൻ തുടങ്ങുന്നതിനു മുമ്പ് രണ്ടു വഴിക്കായി ഞങ്ങൾ മാറിപ്പോകും. പഠിക്കാൻ മിടുക്കനായതുകൊണ്ട് പത്താം ക്ലാസ് തോറ്റു അജുകാക്ക ഗൾഫിൽ പോയി.

ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ അജു കാക്കാന്റെ ഉമ്മയും ഉപ്പയും ഉമ്മറത്ത് ഇരിക്കുന്നുണ്ട്. അജുകാക്കാന്റെ അടുത്ത വരവിന് കല്യാണം ഉറപ്പിക്കാൻ വേണ്ടി വന്ന വരവായിരുന്നു. അവര് കാണാതിരിക്കാൻ ഞാൻ വീടിന്റെ പിന്നാമ്പുറത്തുകൂടി വരുകയായിരുന്നു. ആരും കാണാതെ സിഗരറ്റ് വലിക്കാൻ വേണ്ടി വീടിന് പിന്നിലെ മാവിൻചോട്ടിൽ നിൽക്കുകയായിരുന്ന അജുകാക്കാന്റെ തൊട്ടുമുന്നിൽ എത്തിയപ്പോഴാണ് ഞാൻ കാണുന്നത്. ആള് നല്ലോണം വലുതായി കട്ടി മീശയും താടിയും.

എന്തോ പെട്ടെന്ന് കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പോ, നാണമോ എന്താന്നറിയില്ല പെട്ടെന്ന് ഞാൻ വീട്ടിനകത്തേക്ക് ഓടി. അടുത്ത വരവിനെ കല്യാണം നടത്താം എന്ന് ഉറപ്പിച്ചാണ് അവർ പോയത്. പക്ഷേ വിധി കാത്തുവെച്ചത് വേറൊന്നായിരുന്നു. ആറ്റുനോറ്റിരുന്ന അജുകാക്കാന്റെ വരവിന്റെ തൊട്ടു മുന്നേയാണ് സെലി (സെലീന) അജുകാക്കാന്റെ അമ്മായിയുടെ മകൾ ഒരന്യമതക്കാരനുമായി ലോഹ്യത്തിലായത്. വീട്ടിൽ കത്ത് പിടിച്ചു. ചോദ്യവും പറച്ചിലും അടിപിടിയും. നാട്ടിലാകെ വിവരം അറിഞ്ഞു.

വേറെ കല്യാണ കാര്യം ഇനി ശരിയായി കിട്ടൂല. സെലീ നെ അജുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ അമ്മായി അജു കാക്കാന്റെ ഉപ്പാനോട് കരഞ്ഞു പറഞ്ഞു. അവർക്കത് അനുസരിക്കേണ്ടിവന്നു. അങ്ങനെ സെലി അജുകാക്കാന്റെ വധുവായി. എല്ലാ പെൺകുട്ടികളെയും പോലെ ഞാനും ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. ഓർമ്മവച്ച കാലം മുതൽ എന്റെ സ്വപ്നങ്ങളിലെ നായകന്റെ മുഖം അജു കാക്കാന്റെതായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ട, ഇഷ്ടത്തോടെ കാത്തിരുന്ന, സ്വന്തമെന്നു കരുതി ഹൃദയത്തിൽ ചേർത്തുവച്ച ആൾ... നഷ്ടപ്പെടുമ്പോഴുള്ള വേദന...

ചെറുപ്പത്തിൽ സെലി വികൃതിയായിരുന്നു. ഞങ്ങളെല്ലാവരും ഒന്നിച്ചു കൂടുമ്പോൾ വെറുതെ പിച്ചിയും മാന്തിയും മുറിവുകൾ ഉണ്ടാക്കിയും തല്ലിയും ഉന്തിയിട്ടും... പക്ഷേ മുതിർന്നപ്പോൾ അവൾ നല്ല കുട്ടിയായിരുന്നു. എന്റെ കൂട്ടുകാരി തന്നെയായിരുന്നു. ഞാനും അജുകാക്കയും കല്യാണം നിശ്ചയിച്ചത് അവൾക്കറിയാമായിരുന്നു. അവൾ എത്രയോ വട്ടം ഞങ്ങളെ കളിയാക്കിയിട്ടുണ്ട്. കുടുംബം തന്നെ ആയതുകൊണ്ട് കല്യാണത്തിന് പോകാതിരിക്കാനും കഴിയില്ല.

ആളുകളുടെ മുന്നിൽ ഞാൻ സന്തോഷവതിയായി തന്നെ നിന്നു. എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അജു കാക്ക സ്റ്റേജിൽ കയറിയിട്ടും ഫോട്ടോ എടുക്കുമ്പോഴും ചിരിക്കുന്നത് പോലും കണ്ടില്ല ആരോടൊക്കെയോ ഉള്ള ദേഷ്യമോ ഗൗരവമോ ഒക്കെയായിരുന്നു ആ മുഖത്ത്. സെലി ഒരുങ്ങി കൊണ്ടിരിക്കുമ്പോഴും സ്റ്റേജിലേക്ക് കയറുമ്പോഴും എന്റെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ മുഖത്തും സന്തോഷമില്ല. സങ്കടമോ ദേഷ്യമോ ഒക്കെയാണ് ആ മുഖത്തും.

അജു കാക്ക സെലിയെ മഹറണിയിക്കുമ്പോഴും സ്റ്റേജിൽ അവരൊന്നിച്ചു ഫോട്ടോ എടുക്കുമ്പോഴും ആളുകളുടെ ശ്രദ്ധ എന്നിലായിരുന്നു. ഞാൻ സന്തോഷമായി എല്ലാവരോടും സംസാരിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ഒരു തുള്ളി നീര് പോലും പുറത്തു വീഴാതെ നേരെ ഹൃദയത്തിലേക്കൊഴുക്കി തുളുമ്പി പോകാതിരിക്കാൻ ഒരു അണകെട്ടി സൂക്ഷിച്ചുവെച്ചു.

അന്ന് രാത്രിയും തലേന്നും രാത്രിയിൽ ഞാൻ ഒരുപാട് പൊട്ടിക്കരഞ്ഞു. ആ ദുഃഖം തീർന്നത് മുജീബിക്കയുമായുള്ള എന്റെ വിവാഹം നടന്നതിനുശേഷമാണ്. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നത് ഉപ്പാന്റെ നിർബന്ധമായിരുന്നു. മുജീബ്ക്കാ സ്നേഹിക്കാൻ മാത്രം അറിയുന്നവനായിരുന്നു. ഞങ്ങൾ പരസ്പരം മറന്ന് പ്രണയിച്ചു. പക്ഷേ എട്ട് വർഷം പിന്നിട്ടിട്ടും അതിന്റെ ഒരു തെളിവിനെ റബ്ബ് തന്നില്ല.

കുഴപ്പം എനിക്കാണെന്ന് അറിഞ്ഞിട്ടും മുജീബ്ക്ക താങ്ങായും തണലായും എന്റെ കൂടെത്തന്നെ നിന്നു. വീട്ടുകാരും കുടുംബക്കാരും മുറുമുറുപ്പ് ഒഴിവാക്കി ശബ്ദം ഉയർത്തിത്തുടങ്ങി. എത്രയൊക്കെ എതിർത്തു നിന്നിട്ടും മുജീബിക്ക കുടുംബത്തിന് മുന്നിൽ നിസ്സഹായനായി മാറിക്കൊണ്ടിരുന്നു. ഓരോ മാസവും പിറക്കുമ്പോൾ ചുവക്കുന്ന ഏഴു ദിനങ്ങളെ ഓർത്ത് എന്റെ നെഞ്ചിൽ തീയാളിക്കത്തുമായിരുന്നു. അതെനിക്ക് കരയാനായി മാത്രമുള്ള ദിനങ്ങളായിരുന്നു. ഓരോ മാസവും വീണ്ടും... വെറുതെയാണെന്നറിഞ്ഞിട്ടും വീണ്ടും... പ്രതീക്ഷിക്കും.

ഒരു ദിവസം മുജീബിക്കയുടെ ഉമ്മ എന്നോട് വളരെ വിഷമത്തോടെ കരഞ്ഞു പറഞ്ഞു. "യ്യ്, കുറച്ചീസം അന്റെ വീട്ടില് പോയ്‌ നിക്ക് മോളെ. യ്യ് ഇബടെ ണ്ടായാൽ ഓൻ വേറെ കെട്ടാൻ സമ്മയ്ക്കൂല. ഓനൊരു കുഞ്ഞിക്കാല് വേണ്ടേ? കുറച്ചു കഴിഞ്ഞിട്ട് അനക്ക് ഇങ്ങോട്ട് വരാം അല്ലെങ്കിൽ ഓന് അങ്ങോട്ട് വന്നോളും. ഓന് കുട്ടി ഉണ്ടായാൽ അന്റെയും കൂടെ കുട്ടിയല്ലേ. യ്യ് ഓനെ കൊണ്ട് സമ്മയ്പ്പിക്കണം. മരിക്കണേന് മുമ്പ് എനിക്ക് ഓന്റെ ഒരു കുട്ടിനെ കാണണം. അന്നോട് ദേഷ്യം ണ്ടായിട്ടല്ല മോളെ, ഒരു ഉമ്മാന്റെ സ്ഥാനത്ത് നിന്നിട്ട് യ്യ് ഒന്നാലോയ്ച്ചു നോക്ക്."

ഓരോ വാക്കിലും ഹൃദയം പൊട്ടിപ്പോയിരുന്നു. കണ്ണുനീർത്തുള്ളികൾ എന്നോട് അനുവാദം ചോദിക്കാതെ ഭൂമിയിലേക്ക് നേരിട്ടൊഴുകാൻ തുടങ്ങിയപ്പോൾ ഞാനതിനെ തലയണകൊണ്ട് തടഞ്ഞുവച്ചു. അന്ന് വൈകിട്ട് മുജീബ്ക്കനോട് അനുവാദം പോലും ചോദിക്കാതെ മുജീബ്ക്ക വരുന്നത് കാത്തുനിൽക്കാതെ ഉമ്മയോട് മാത്രം അനുവാദം ചോദിച്ചു ഞാൻ എന്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി. ഇറങ്ങാൻ നേരത്ത് ഉമ്മയെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. പക്ഷെ ഞാൻ കരഞ്ഞില്ല.

മുജീബ്ക്ക ഫോൺ വിളിച്ചു. ഞാൻ ഫോണെടുത്തില്ല. പിന്നെ വീട്ടിലേക്ക് എന്നെ കാണാൻ വന്നു. പക്ഷേ ആ മുന്നിലേക്ക് ചെല്ലാതെ ഞാൻ മുറിയടച്ചിരുന്നു. കാര്യവും കാരണവുമൊന്നും പറഞ്ഞില്ല. എന്നെ ത്വലാക്ക് ചൊല്ലണം എന്നത് മാത്രമായിരുന്നു എന്റെ ആവശ്യം. ഒന്നു നേരിൽക്കണ്ടു കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ ആഗ്രഹം ഉണ്ടായിട്ടും കതകിനു മുട്ടിക്കൊണ്ടേയിരുന്ന മുജീബിക്കേനെ അവഗണിച്ച് കതകു തുറക്കാതെ "വേണ്ട എനിക്ക് ങ്ങളെ കാണണ്ട എന്നെ ത്വലാക്ക് ചൊല്ലണമെന്നു" മാത്രമേ പറഞ്ഞുള്ളൂ.

റൂമിനുള്ളിലിരുന്നു ആരും കാണാതെ ഞാൻ പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. കുറേനേരം നിന്നു കരഞ്ഞുകൊണ്ട് ഒടുക്കം മുജീബ്ക്ക ഇറങ്ങിപ്പോയി. മുജീബിക്കാനെ എനിക്കങ്ങനെ സ്നേഹിക്കാനേ കഴിഞ്ഞുള്ളൂ. ഞാൻ കാരണം വേദനിക്കരുത്. ആ ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവണം. ഭാഗ്യം കെട്ട ഈ പെണ്ണിനൊപ്പം ഉരുകിത്തീരരുത് എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ. ഞാൻ പറഞ്ഞതുപോലെ മുജീബിക്ക ത്വലാക്ക് ചൊല്ലി.

ആയിടയ്ക്കായിരുന്നു സ്കൂളിലെ അലുമിനി മീറ്റ്. വിരസതകളിൽ നിന്നും രക്ഷപ്പെടാനായാണ് ഞാൻ പോയത്. ചെന്നപ്പോൾ അവിടെ സെലിയുണ്ടായിരുന്നു. പക്ഷേ സെലി ആളാകെ മാറിപ്പോയിരുന്നു. എന്നെ കണ്ടിട്ട് മൈൻഡ് പോലും ചെയ്തില്ല. അവളുടെ പഴയ സഹപാഠിയോടൊത്ത് സെൽഫി എടുക്കലും മാറിയിരുന്നു സംസാരിക്കുന്നതുമൊക്കെ കണ്ടിരുന്നു. ഒരു ദിവസം ഒരു കത്തെഴുതി വെച്ചിട്ട് അവൾ അവന്റെ കൂടെ ഇറങ്ങിപ്പോയി.

രണ്ടു കുട്ടികൾ അനാഥരായി. മിസ്ബ എന്ന ആറുവയസ്സുകാരി മിസ്സിയും റിസ്‌വാൻ എന്ന മൂന്നു വയസ്സുകാരനും. അജുക്കയുടെ കുടുംബം വീണ്ടും എന്നെത്തേടിയെത്തി. വേണ്ടെന്ന് ആവർത്തിച്ചു ഞാൻ പറഞ്ഞു. മാനസികമായി വേറൊരു വിവാഹത്തിന് മനസ്സ് അനുവദിച്ചില്ല. മുജീബ്ക്ക മാത്രമായിരുന്നു എന്റെ മനസ്സിൽ. പക്ഷെ ഉമ്മയില്ലാത്ത ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ എന്നിലെ മാതൃത്വം നിലവിളിച്ചു. ഞാൻ വിവാഹത്തിന് തയ്യാറായി. അന്ന് തൊട്ടിന്നു വരെ അവർ എന്റെ മക്കളാണ്. ഞങ്ങൾ നല്ല ഭാര്യ ഭർത്താക്കന്മാരുമാണ്. നാളെ മിസ്സിയുടെ കല്യാണമാണ്.

ഓഡിറ്റോറിയത്തിൽ ഭക്ഷണ ഹാളിൽ ഭയങ്കര തിരക്കാണ്. സ്റ്റേജിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി മിസ്സിമോളും റഷീദും. എല്ലാവരോടും കുശലം ചോദിച്ചു നടക്കുന്നതിനിടയിലാണ് ഏറെ നേരമായി എന്നെ തന്നെനോക്കുന്ന നിക്കാബുധാരിയെ ശ്രദ്ധിച്ചത്. ചിരിയോടെ ആരെന്നറിയാൻ മുഖമറ പൊന്തിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. സെലി... ആരും കാണാതെ നിക്കാബ് താഴ്ത്തിയിട്ടു.

"ഭക്ഷണം കഴിച്ചോ?" അവളില്ലെന്ന് തല കുലുക്കി. ഓഡിറ്റോറിയത്തിന്റെ ഒരരികിലേക്ക് അവളെ ഞാൻ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വിളമ്പി കൊടുത്തു. സ്വന്തം മോളുടെ ഒരില കല്യാണച്ചോറ് കണ്ണീരുപ്പു ചേർത്ത് കഴിക്കുന്ന അവളുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാമായിരുന്നു.

"മിസ്സി മോളെ കണ്ടോ?"

"ദൂരെ നിന്നു കണ്ടു!"

"ഞാനവളെ ഇങ്ങോട്ടു വിളിച്ചു കൊണ്ടുവരാം." അണിഞ്ഞൊരുങ്ങിയവളെ സ്റ്റേജിൽ നിന്നും ഫോട്ടോയെടുക്കുന്നതിന്നിടയിൽ ഒരാളെ കാണിക്കാനുണ്ടെന്നും പറഞ്ഞ് സെലിക്ക് അരികിലെത്തി. "ഇതാ നിന്റെ ഉമ്മ സെലി."

വിടർന്ന കണ്ണുകളോടെ ഭക്ഷണം കഴിക്കുന്നത് നിർത്തിവെച്ചു മകളെ പുണരാൻ വേണ്ടി എഴുന്നേറ്റതായിരുന്നു സെലി.

"ഏത് ഉമ്മ? എന്റെ ഉമ്മ ങ്ങളാണ് എനിക്ക് വേറെ ആരെയും കാണണ്ട. ഞങ്ങൾ എങ്ങനെ ജീവിച്ചു എന്ന് ആരും അന്വേഷിച്ചില്ലല്ലോ. ഈ ഉമ്മയാണ് ഞങ്ങളെ പോറ്റി വളർത്തിയത്. ജനിപ്പിച്ചാൽ മാത്രം ഉമ്മയാവില്ല. ഏതായാലും കണ്ടതിൽ സന്തോഷം."

അവൾക്ക് മിസ്സി കൈ കൊടുത്തു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു രണ്ട് കവിളിലും മാറി മാറി ഉമ്മ വെച്ചു. കണ്ണീരോടെ അവൾ പറഞ്ഞു:

"ങ്ങളാണ് എന്റെ ഉമ്മ."

അവൾ... അതു പറഞ്ഞു കരഞ്ഞപ്പോൾ... ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്നെനിക്ക് തോന്നിപ്പോയി. എന്റെ മനസ്സിൽ അതുവരെയുണ്ടായിരുന്ന കനൽക്കട്ടകൾ കൂട്ടത്തോടെ ഉരുകി തണുത്തുറഞ്ഞു മഞ്ഞുകട്ടയായി...

എനിക്കുവേണ്ടി മാത്രം ഭൂമി വലം വയ്ക്കുന്നതായും, നക്ഷത്രങ്ങൾ പാട്ടുപാടുന്നതായും, നിലാവു പുഞ്ചിരിക്കുന്നതായും എനിക്ക് തോന്നി. എന്റെ മുന്നിലപ്പോൾ ആരുമുണ്ടായിരുന്നില്ല. ഞാൻ കാണുന്നതെല്ലാം മഴവില്ലഴകുള്ള വെള്ളാരങ്കല്ലുകൾ മാത്രമായിരുന്നു.

COMMENTS

Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content